ഡല്‍ഹിയില്‍ നടക്കുന്നത് ഗുജറാത്ത് വംശഹത്യക്ക് സമാനമാണ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെന്ന് സി.പി.എമ്മും കോണ്‍ഗ്രസും. പൌരത്വ സമരത്തെ തെരുവില്‍ തോല്‍പ്പിച്ചു കളയാമെന്ന സംഘപരിവാര്‍ വ്യാമോഹത്തിന്റെ ഉല്‍പ്പന്നമാണ് ഡല്‍ഹിയിലെ അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണകൂട ഭീകരതയാണ് ദില്ലിയില്‍ അരങ്ങേറിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എം.പിമാരടങ്ങുന്ന പ്രതിനിധി സംഘത്തെ മുസ് ലിം ലീഗ് നിയോഗിച്ചു.
ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ് അടക്കമുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കലാപത്തിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശികതലത്തില്‍ മതനിരപേക്ഷ റാലി സംഘടിപ്പിക്കാനും സിപിഎം ആഹ്വാനം ചെയ്തു. ഗുജറാത്ത് വംശഗഹത്യക്ക് സമാനമാണ് ഡല്‍ഹിയിലെ കലാപമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗിന്റെ മുഴുവന്‍ എംപിമാരുമടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നിരയെ ഏകോപിപ്പിക്കുന്നതിനായി സോണിയാ ഗാന്ധിയെയും ലീഗ് സംഘം കാണും.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രിമുത്തുകോയ തങ്ങളും രംഗത്ത് വന്നു. കേന്ദ്രസര്‍ക്കാരിന്റെ അക്രമികള്‍ക്ക് അനുകൂലമായ നിലപാടിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നിര രംഗത്ത് വരേണ്ട സമയം അതിക്രമിച്ചതായും സമസ്ത നേതാക്കള്‍ പറഞ്ഞു.