Kerala

വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു.

തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കേറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നു. അതിനിടയിലാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്.