കൊല്ലം പത്തനാപുരത്ത് സി.പി.എം-സി.പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയൻ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കാരണം. സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു. സി.ഐ.ടി.യു പ്രവർത്തകരായ നിരവധി പേർ അടുത്തിടെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസിയിൽ ചേർന്നിരുന്നു.
ഓരോ ദിവസവും ഓരോ തൊഴിലാളി സംഘടനയാണ് പത്തനാപുരത്ത് മത്സ്യലോഡ് ഇറക്കുന്നത്. ചൊവ്വാഴ്ച മത്സ്യമിറക്കുന്നത് സിഐടിയുവിന്റെ ടേൺ ആയിരിക്കെ എഐടിയുസിയിൽ ചേർന്നവർ ലോഡിറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.സി.ഐ.ടി.യു പ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാക്കേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡി.വൈ.എഫ്. ഐ.എ.വൈ.എഫ് പ്രവർത്തകർ കൂടി സ്ഥലത്ത് സംഘടിച്ചതോടെ ഇരുവിഭാഗവും നടുറോഡിൽ ഏറ്റുമുട്ടി.
സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശിയതോടെ പ്രവർത്തകർ ചിതറിയോടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലറിലും ലാത്തിച്ചാർജ്ജിലും നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങളുടെയും സ്വാകാര്യ വാഹനത്തിന്റെയും ചില്ലുകൾ കല്ലേറിൽ തകർന്നു.