India Kerala

പൗരത്വ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ സി.പി. എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ഇന്നാരംഭിക്കും. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് വിശാല ജനകീയ ഐക്യം ഉണ്ടാക്കുന്നതിനുളള നീക്കങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉണ്ടായേക്കും. ഈ വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരുമായി ചേർന്ന് പൊതു സമരമുന്നണി കെട്ടിപ്പെടുക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭ പരിപാടികളും അതിൽ പാർട്ടി മുൻകൈ എടുക്കേണ്ട വിഷയങ്ങളും തന്നെയാണ് തലസ്ഥാനത്തെ ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. സാമ്പത്തിക പ്രതിസന്ധി, ഭരണഘടനയുടെ അടിസ്ഥാനത്തെ തകർത്ത് കൊണ്ടുള്ള നിയമനിർമ്മാണങ്ങൾ, ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തൽ തുടങ്ങിയവക്കെതിരെ

യോജിച്ച പ്രക്ഷോഭത്തിന് വഴിതുറക്കുക എന്നതാകും കേന്ദ്ര കമ്മിറ്റിയുടെ പ്രധാന അജണ്ട. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂപപ്പെട്ട കേന്ദ്ര സർക്കാർ വിരുദ്ധ വികാരത്തെ പരമാവധി രാഷ്ട്രീയ അനുകൂലമാക്കാൻ സി.പി. എം ആലോചിക്കുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരായി ശക്തമായ സമരങ്ങൾ നടത്തിയ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താനാണ് സി.പി. എം ലക്ഷ്യമിടുന്നത്.ഇതിനായുളള നിർദ്ദേശങ്ങൾ അടങ്ങുന്ന രേഖ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ അവതരിപ്പിച്ചേക്കും.കേന്ദ്ര സർക്കാരിനെതിരെ ദേശിയതലത്തിലും

യോജിക്കാവുന്ന എല്ലാവരുമായി യോജിക്കാനാണ് സി.പി.എം ആലോചന. കേരളത്തിൽ നടന്ന സംയുക്ത സമരത്തിൽ പങ്കാളിയായ മുസ്ലിം ലീഗിനേയും യു.ഡി.എഫിലെ താത്പര്യമുള്ള മറ്റ് കക്ഷികളേയും സമരമുന്നണിയുടെ ഭാഗമാക്കാൻ സി.പി.എം ആഗ്രഹിക്കുന്നുണ്ട്. പാർട്ടി നയത്തിന് വിരുദ്ധമായി രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തിൽ പൊലീസിനെതിരെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നേക്കും. കേരള സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വരുന്ന ഗവർണർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്ന് വന്നേക്കും.19 ാം തിയതി പുത്തിരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനവും തീരുമാനിച്ചിട്ടുണ്ട്.