പൊന്നാനി ഒഴികെയുള്ള ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേരും. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി സിറ്റിംഗ് എംയപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി. കാസര്‍ഗോഡ് കെ.പി സതീഷ് ചന്ദ്രനും കോട്ടയം വി.എന്‍ വാസവനും മത്സരത്തിനിറങ്ങും. രണ്ട് സ്ത്രീകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സി.പി.എം മത്സരിക്കുന്ന 16 സീറ്റുകളില്‍ 15 ഇടത്തേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. പൊന്നാനി മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പി.വി അന്‍വര്‍ എം.എല്‍.എയുടെ പേരിനായിരുന്നു പ്രഥമ പരിഗണനയെങ്കിലും ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും. മണ്ഡലം കമ്മിറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന സെക്രടട്ടറിയേറ്റ് വീണ്ടും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
കാസര്‍ഗോഡ് നിന്ന് രണ്ട് പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും കെ.പി സതീഷ് ചന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരുന്നെങ്കിലും ആ എതിര്‍പ്പ് അവഗണിച്ച് ഇന്നസെന്റിനെ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനമായി. കോട്ടയത്ത് വി.എന്‍ വാസവന്‍ തന്നെ മത്സരിക്കും. കണ്ണൂരില്‍ പികെ ശ്രീമതിയും, വടകരയില്‍ പി ജയരാജനും, കോഴിക്കോട് എ പ്രദീപ്കുമാറും സ്ഥാനാര്‍ത്ഥികളാകും.
പാലക്കാട് എം.ബി രാജേഷും, ആലത്തൂരില്‍ പി.കെ ബിജുവും വീണ്ടും രംഗത്തിറങ്ങും. മലപ്പുറത്ത് വി.പി സാനുവും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും, എറണാകുളത്ത് പി രാജീവും മത്സരത്തിനിറങ്ങും. പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്ജായിരിക്കും മത്സരിക്കുന്നത്. ആലപ്പുഴയില്‍ എഎം ആരിഫിനേയും, കൊല്ലത്ത് കെഎന്‍ ബാലഗോപാലിനേയും, ആറ്റിങ്ങല്‍ എ സമ്പത്തിനേയും മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ പട്ടിക പി.ബിയുടെ അനുമതി വാങ്ങിയ ശേഷം മറ്റന്നാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ധാരണയായ സി.പി.എം സ്ഥാനാര്‍ഥി പട്ടിക
ആറ്റിങ്ങല്‍: എ സമ്പത്ത്
കൊല്ലം: കെ.എന്‍ ബാലഗോപാല്‍
പത്തനംതിട്ട:വീണ ജോര്‍ജ്
ആലപ്പുഴ:എ.എം ആരിഫ്
കോട്ടയം: വി.എന്‍ വാസവന്‍
ഇടുക്കി: ജോയ്‌സ് ജോര്‍ജ്
എറണാകുളം: പി. രാജീവ്
ചാലക്കുടി: ഇന്നസെന്റ്
പാലക്കാട്: എം.ബി രാജേഷ്
ആലത്തൂര്‍: പി.കെ ബിജു
മലപ്പുറം: വി.പി സാനു
കോഴിക്കോട്: എ.പ്രദീപ്കുമാര്‍
വടകര: പി. ജയരാജന്‍
കണ്ണൂര്‍: പി.കെ ശ്രീമതി
കാസര്‍ഗോഡ്: കെ.പി സതീഷ് ചന്ദ്രന്‍