ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ ആറ് മാസത്തേക്ക് സി.പി.എമ്മി ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് സി.പി.എം വിശദീകരണം.
കുമ്പളയിലെ ഏരിയ കമ്മറ്റി നേതൃത്വത്തിന്‍റെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് ജില്ലാ നേതൃത്വത്തിന് ഒന്നിലധികം തവണ ജംഷാദ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തതെന്നാണ് ജംഷാദ് ആരോപിക്കുന്നത്. പ്രാദേശിക നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്‍റെ പക്കലുണ്ട് എന്നും, നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ജംഷാദ് കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കുമ്പള ഏരിയ കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബണ്ണാതംകടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെ സി.പി.എം പുറത്താക്കിയിട്ടുമുണ്ട്.