Kerala

തെരഞ്ഞെടുപ്പ് ജയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വിലയിരുത്താൻ സി.പി.എമ്മിന്‍റേയും സി.പി.ഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. കോര്‍പ്പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ ഉപാധ്യക്ഷന്‍മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ നേതൃയോഗങ്ങള്‍ തീരുമാനിച്ചേക്കും.

വിവാദ കൊടുങ്കാറ്റിനിടെ നേടിയ ഉജ്ജ്വല ജയത്തിന് പിന്നാലെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തതിനൊപ്പം പ്രതിപക്ഷം ഉണ്ടാക്കിയ വിവാദങ്ങള്‍ വിലപ്പോയില്ലെന്നും സി.പി.എമ്മും സി.പി.ഐയും കണക്ക് കൂട്ടുന്നു. ഇന്ന് നടക്കുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും മുന്നണി ആലോചിക്കുന്നുണ്ട്. ഇടത് മുന്നണിക്ക് ലഭിച്ച കോര്‍പ്പറേഷനിലേയും ജില്ലാ പഞ്ചായത്തിലേയും അധ്യക്ഷന്‍മാരെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയും സി.പി.എം യോഗത്തില്‍ നടക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജമീല ശ്രീധറിനൊപ്പം, യുവ കൌണ്‍സിലറായി ഗായത്രി ബാബുവിനേയും സി.പി.എം പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനാണ് പ്രഥമ പരിഗണന. തിരുമുല്ലാവാരത്ത് നിന്ന് ജയിച്ച പവിത്രയുടെ പേരും പരിഗണിക്കുന്നുണ്ട്. കൊച്ചിയില്‍ എളമരക്കര നോര്‍ത്ത് വാര്‍ഡില്‍ നിന്ന് ജയിച്ച എം. അനില്‍കുമാറിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. തൃശ്ശൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജന്‍റെ പേരാണ് പരിഗണിക്കുന്നത്. മറ്റ് ചിലരുടെ പേരും പരിഗണനയിലുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബീന ഫിലിപ്പ്, ജയശ്രീ എന്നിവരില്‍ ഒരാളെ മേയറാക്കാനാണ് ആലോചന.

മേയറുമാരുടെ കാര്യത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനിമെടുക്കുക.അതോടൊപ്പം ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ കാര്യത്തിലും ധാരണയുണ്ടാകും. സി.പി.ഐക്ക് ലഭിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍മാരുടേയും മറ്റ് സ്ഥാനങ്ങളെകുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായേക്കും.