തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും. കോർപ്പറേഷനിലെ 70 സീറ്റിൽ സി.പി.എമ്മാണ് മത്സരിക്കുന്നത്. 46 വനിതകളെയാണ് കോർപ്പറേഷൻ നിലനിർത്താൻ സി.പി.എം മത്സര രംഗത്തിറക്കിയത്.
രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 70 സീറ്റിൽ സി.പി.എം മത്സരിക്കും. 17 സീറ്റിൽ സി.പി.ഐയും ബാക്കി 13 സീറ്റ് ഘടകകക്ഷികൾക്കുമാണ്. 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്.
കോർപ്പറേഷൻ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. നിലവിലെ കോർപ്പറേഷൻ മേയറായിരുന്ന കെ.ശ്രീകുമാർ കരിക്കകം വാർഡിൽ മത്സരിക്കും. മേയർ സീറ്റ് വനിതാ സംവരണമാണ്. മേയർ സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. നിലവിലെ കൗൺസിലർമാരെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
ഫോർട്ട്, നാലാഞ്ചിറ, ബീമാപളളി, കിണവൂർ, ബീമാപളളി ഈസ്റ്റ്, കുറവൻകോണം വാർഡുകൾ- കേരള കോൺഗ്രസ് എം, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് നൽകി. എന്നാൽ ഇതിൽ ഏതൊക്കെ വാർഡ്ആർക്കൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിനായി 46 വനിതകൾ മത്സര രംഗത്തിറങ്ങും. 21 സ്ഥാനാർത്ഥികൾ 40 വയസ്സിൽ താഴെയുള്ളവരാണ്.