India Kerala

ചെങ്ങോട്ടുമല ക്വാറിക്കെതിരെ കോട്ടൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗങ്ങള്‍

ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ രാജിക്ക്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ സി.പി.എം മെമ്പര്‍മാരും പാര്‍ട്ടിയെ അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിന് എതിരെ സമരസമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി.

ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 19 അംഗ കോട്ടൂര്‍ പഞ്ചായത്തില്‍ 14 പേരാണ് സി.പി.എമ്മിനുള്ളത്.എല്ലാവരും രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്നലെ രാത്രി ചേര്‍ന്നിരുന്നു.വിഷയത്തില്‍ ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസ് ഡി.വൈ.എഫ്.ഐയുടേയും സമരസമതിയുടേയും നേതൃത്വത്തില്‍ ഉപരോധിച്ചു. സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാനങ്ങാടാണ് സമരം ഉദ്ഘാടനം ചെയ്തത്.