India Kerala

സി.പി.എമ്മിന് തലവേദനയായി വിഭാഗീയത; വിലക്ക് ലംഘിച്ച് സാംസ്ക്കാരിക കൂട്ടായ്മ

സി.പി.എം സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.തുറയൂര്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിലെ എം.പി ഷിബുവിനെ തോല്‍പ്പിച്ച് പി.പി ശശി സെക്രട്ടറിയായി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍‍ പരാജയപ്പെട്ട എം.പി ഷിബുവിനെ പയ്യോളി ഏരിയാ സെക്രട്ടറിയാക്കിയാണ് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയത്. ഇതോടെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മില്‍ സ്ഥിരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ വെക്കുകയും തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നിന്ന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് ശ്രദ്ധ സാംസ്ക്കാരിക കൂട്ടായ്മ രൂപീകരിച്ചത്.

പരിപാടിയില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി വിലക്കുണ്ടായിട്ടും പയ്യോളി ഏരിയയിലുള്ള 10 ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമടക്കം നിരവധി നേതാക്കളെത്തിയത് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്.