Kerala

വയനാട് ജില്ല ഭരണകൂടത്തിന് പിന്തുണയുമായി സിപിഎം സെക്രട്ടറിയേറ്റ്

ഏതെങ്കിലും ചില ആളുകളുടെ പ്രത്യേക പിശകുകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളെ മോശപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും അപലപനീയമാണ്.

വയനാട് ജില്ലയിലെ കോവിഡ്-19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടത്തിനെതിരായി ചില മാധ്യമങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ കെ.വി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പറയുന്നതുപോലെ സി.പി.ഐ(എം) നോ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അത്തരത്തിലൊരു അഭിപ്രായമില്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്. ഫേസ്ബുക്ക് പോസ്റ്റില്‍ വന്നിട്ടുള്ള പിശകുകളെ സംബന്ധിച്ച് കെ വി മോഹനന്‍ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. കൊവിഡ്-19 മായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ മെച്ചപ്പെട്ട നിലയില്‍ തന്നെയാണ് ജില്ലയില്‍ നടന്നിട്ടുള്ളതെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

പുതിയ സാഹചര്യത്തില്‍ വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വരുന്നതിന്റെ ഭാഗമായി ഉടലെടുത്ത സവിശേഷ സാഹചര്യത്തെ ജില്ലാ ഭരണകൂടത്തിന്റെ പരാജയമായോ, ആരോഗ്യവകുപ്പിന്റെ പരാജയമായോ ചിത്രീകരിക്കാനുള്ള യാതൊരു ശ്രമത്തെയും അംഗീകരിക്കപ്പെടണ്ടതല്ല. ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിലയിരുത്തി മികച്ച ഏകോപനമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പുതിയ വിഷയങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കൊവിഡ്-19 ഭാഗമായുള്ള വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് നടത്തുന്ന ഏതൊരു ശ്രമത്തെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ അപലപനീയമാണ്. വളരെ ത്യാഗപൂര്‍ണ്ണമായാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരും, പോലീസുകാരും മറ്റു ജീവനക്കാരുമുള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ചില ആളുകളുടെ പ്രത്യേക പിശകുകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളെ മോശപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും അപലപനീയമാണ്. ഒറ്റക്കെട്ടായി എല്ലാവരും യോജിച്ചുനിന്ന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് നടത്തുന്ന ഈ പോരാട്ടത്തില്‍ മുന്നോട്ടുപോകണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.