Kerala

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇ പി ജയരാജനെതിരായ കേസും ചര്‍ച്ചയാകും

ഇ പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചേക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചിരുന്നു. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.