ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. എല്‍.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ വിവാദങ്ങളുണ്ടാക്കി യു.ഡി.എഫിന് മേല്‍ക്കൈ നല്‍കരുതെന്നും അഭിപ്രായമുണ്ടായി.
കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും വിജയരാഘവനെ ന്യായീകരിച്ച് ഇന്നലെ രംഗത്ത് വന്നെങ്കിലും ഇന്നത്തെ യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് നേതാക്കള്‍ പങ്ക് വച്ചത്. രമ്യ ഹരിദാസിനെതിരായ സംഭാഷണത്തില്‍ എ വിജയരാഘവന് വീഴ്ച പറ്റിയെന്ന പൊതുവിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. എല്‍.ഡി.എഫ് കണ്‍വീനറായ എ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുമ്പോള്‍ നേതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കിയെടുത്തു. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
അതേസമയം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വയനാട്ടില്‍ പ്രചരണത്തിനെത്തിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യെച്ചൂരിയുടെ പ്രചാരണ വേദികളില്‍ വയനാട് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി തന്നെ പ്രചാരണത്തിന് എത്തണമെന്ന് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെ ചുരം കയറ്റാന്‍ സി.പി.എം തീരുമാനിച്ചത്. യെച്ചൂരിയുടെ വയനാട് മണ്ഡലത്തിലെ പ്രചാരണ തീയതി വരും ദിവസങ്ങളില്‍ തീരുമാനിക്കും.