India Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി നേതാക്കള്‍

പന്തീരങ്കാവ് യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നത. സി.പി.എം കോഴിക്കോട് ഘടകത്തെ തള്ളി എം.വി ഗോവിന്ദനും രംഗത്ത്. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ട്. അതിന്റെ ആഴം പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണം മാത്രമാണ് ഭരണകൂടം പിണറായിയുടെ കയ്യിലല്ലെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.

ഇതേ നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സി.പി.എമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

എന്നാല്‍ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി അലനും താഹയും സി.പി.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും പറഞ്ഞിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ഇരുവരും സി.പി.എം പ്രവർത്തകരാണ്, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.എം നിലപാടെന്നും പി മോഹനൻ പറഞ്ഞിരുന്നു