Kerala

ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎം എന്ന് യുഡിഎഫ്

ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക.

കെ ടി ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിക്കാനുള്ള സിപിഎം നീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫ് തീരുമാനം. ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മാണ് മാറ്റുന്നതെന്ന് യുഡിഎഫ് ഉയര്‍ത്തി കാട്ടും. ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക.

ആര്‍എസ്എസിന്‍റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് ലീഗും കോണ്‍ഗ്രസും തീ പകരുകയാണെന്ന പ്രചാരണം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് ജലീല്‍ വിരുദ്ധ സമരത്തെ പ്രതിരോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര കൂടിയാലോചനകള്‍ നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലികുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോപണങ്ങള്‍ക്ക് നേരെ ചൊവ്വെ മറുപടി പറയാതെ മതപരമായ വൈകാരികതകള്‍ വലിച്ചിഴച്ച് തടിയൂരാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമമെന്നാണ് യു‍ഡിഎഫിന്റെ വിലയിരുത്തല്‍. അതിനാല്‍ സ്വര്‍ണക്കടത്തും പ്രോട്ടോകോള്‍ ലംഘനങ്ങളുമായി ജലീലിനെതിരായ സമരത്തെ ശക്തമാക്കാനും തീരുമാനിച്ചു.

ഖുര്‍ആനെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപിക്ക് അവസരം ഒരുക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണവും യുഡിഎഫ് ഉയര്‍ത്തും. ഖുര്‍ആനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ മതസംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചതും നേതാക്കള്‍ ചര്‍ച്ച ചെയ്തു. രണ്ട് കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രിയെ കുറിച്ച്‌ ‌സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജി അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് നിന്നാവും യുഡിഎഫിന്റെ തുടര്‍ പ്രക്ഷോഭം.