Kerala

യു.എ.പി.എ അറസ്റ്റ്

കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.പി.എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. വൈകിട്ട് പന്തീരങ്കാവിലാണ് വിശദീകരണയോഗം . മാവോയിസ്റ്റ് – വലതുപക്ഷ കൂട്ടുകെട്ട്, ഇടതുപക്ഷ നിലപാട് വിശദീകരിക്കൽ എന്ന പേരിലാണ് പരിപാടി.

സംസ്ഥാനത്ത് മാവോയിസ്റ്റ് – വലത്പക്ഷ കൂട്ടുകെട്ടാണ് നടക്കുന്നതെന്നാണ് സി.പി.എം വാദം. ഇതില്‍ ഇടതുപക്ഷ നിലപാട് വിശദീകരിക്കാനാണ് വിശദീകരണ യോഗം. ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് റാലി ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനനും പങ്കെടുക്കും. യു.എ.പി.എ ചുമത്തി അറസ്റ്റിലായ സി.പി.എം അംഗങ്ങളായ അലന്‍റെയും താഹയുടെയും ബ്രാഞ്ച് കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന സൌത്ത് ഏരിയ കമ്മിറ്റിയാണ് ബഹുജന റാലി നടത്തുന്നത്.

മാവോയിസ്റ്റുകള്‍ക്ക് പിന്നിൽ ഇസ്‍ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍റെ പരാമര്‍ശനത്തിന് പിന്നാലെയാണ് പന്തീരങ്കാവിലെ ബഹുജനറാലി എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അലനും താഹയ്ക്കുമെതിരെ പാർട്ടി അന്വേഷണം നടക്കുകയാണ്. ഒപ്പം തന്നെ ഇവരുടെ തീവ്ര നിലപാട് തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. സി.പി.എമ്മിനെ തകർക്കാൻ മഴവിൽ സഖ്യങ്ങൾ പരിശ്രമിക്കുകയാണെന്നാണ് ലോക്കൽ കമ്മിറ്റി ജനറൽ ബോഡികളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇക്കാര്യങ്ങളടക്കം വിശദീകരണ യോഗത്തിലും അവതരിപ്പിക്കും.