Kerala

ഒരിടവേളയ്ക്ക് ശേഷം സിപിഎം – സിപിഐ ഭിന്നത രൂക്ഷം

ജോസ് കെ മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയാണ് സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.

ഒരിടവേളയ്ക്ക് ശേഷം ഇടത് മുന്നണിയില്‍ സിപിഎം – സിപിഐ ഭിന്നത രൂക്ഷമാകുന്നു. ജോസ് കെ മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയാണ് സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയെ പിണക്കി സിപിഎം മുന്നോട്ട് പോകാനും സാധ്യത കുറവാണ്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പല വിഷയങ്ങളിലും സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ക്ക് കൊറോണ കാലത്ത് ഉണ്ടായിരുന്ന ഇടവേള ജോസ് കെ മാണിയിലൂടെ ഇല്ലാതാവുന്നതാണ് രാഷ്ട്രീയ കേരളം കാണുന്നത്. ജോസ് വിഭാഗത്തെ കൂടെ കൂട്ടിയാല്‍ ഇടത് മുന്നണിയില്‍ നിന്ന് അകന്ന് നിന്നിട്ടുള്ള മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട് പെട്ടിയിലാക്കാമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതില്‍ തുറന്നിട്ടത്.

എന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി തന്നെ പരസ്യ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ സിപിഎം പ്രതിസന്ധിയിലായി. കെ എം മാണി ജീവിച്ചിരുന്ന സമയം മുതല്‍ ആ പാര്‍ട്ടിയുടെ നയങ്ങളോട് എതിര്‍പ്പാണെന്നും ഈ നിലപാടില്‍ മാറ്റം വരുത്തേണ്ട ഒരു പ്രത്യേക സാഹചര്യവും ഇപ്പോഴില്ലെന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്. സിപിഐ എതിര്‍പ്പിന് നേരത്തെ ബാര്‍ കോഴ കാരണമായെങ്കില്‍ മാണി മരിച്ചതോടെ ആ വിഷയം അവസാനിച്ചുവെന്നാണ് സിപിഎം നിലപാട്. മാണി മരിച്ചെങ്കിലും അഴിമതി അഴിമതിയായി തന്നെ നിലനില്‍ക്കുകായാണെന്ന വാദമാണ് സിപിഐയ്ക്ക്.

നിര്‍ണായക തെരഞ്ഞെടുപ്പുകളുടെ സമയത്ത് സിപിഐയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് സിപിഎമ്മിന് മുന്നോട്ട് പോകാന്‍ കഴിയില്ല. തദ്ദേശ തെര‍ഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന നിര്‍ദ്ദേശം ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐ നിലപാടില്‍ അയവ് വരുത്തുമെന്ന പ്രതീക്ഷയും സിപിഎം നേതൃത്വത്തിനുണ്ട്.