തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കർശനമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് പോരിൽ സിപിഎം പുറത്തിറക്കിയത് അപ്രതീക്ഷിത സ്ഥാനാർത്ഥി പട്ടിക. തോമസ് ഐസക്, ജി സുധാകരൻ, എ.കെ ബാലൻ, പി ശ്രീരാമകൃഷ്ണൻ, സി രവീന്ദ്രനാഥ് തുടങ്ങിയ വൻതോക്കുകളെ ഒഴിവാക്കിയുള്ള പട്ടികയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ബുധനാഴ്ച പുറത്തിറക്കിയത്. ചില സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക തലത്തിൽ നടന്ന പ്രതിഷേധങ്ങൾക്കും പാർട്ടി ചെവി കൊടുത്തില്ല.
ഇവർക്ക് പുറമേ, ഇപി ജയരാജൻ, ജെയിംസ് മാത്യു, ടിവി രാജേഷ് എന്നിവരെയും സിപിഎം മാറ്റി നിർത്തി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെകെ ശൈലജ, ടിപി രാമകൃഷ്ണൻ, എംഎം മണി എന്നിവർ മത്സരിക്കും. മുതിർന്ന നേതാക്കളായ എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവരും പോർക്കളത്തിലുണ്ടാകും.
അഞ്ചു മുൻ മന്ത്രിമാർക്കാണ് സീറ്റു നഷ്ടപ്പെട്ടത്. സിറ്റിങ് എംഎൽഎമാരായ 33 പേരും മത്സരരംഗത്തില്ല. പൊന്നാനി, കോങ്ങാട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളും നേതൃത്വം വകവച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്.
പകരം വരുന്നവർ ഇങ്ങനെ
അമ്പലപ്പുഴയിൽ ജി സുധാകരന് പകരം സിഐടിയു ജില്ലാ പ്രസിഡണ്ട് എച്ച് സലാമാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. വണ്ടാനത്താണ് ഇപ്പോൾ താമസം. മുൻ എംപി സിഎസ് സുജാതയെ മറികടന്നാണ് പാർട്ടി സലാമിൽ വിശ്വാസമർപ്പിച്ചിട്ടുള്ളത്.
എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. അമ്പലപ്പുഴ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം, കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി, സി.പി.എം. ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മന്ത്രി എകെ ബാലൻ മത്സരിച്ച തരൂരിൽ ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദാണ് സ്ഥാനാർത്ഥി. നേരത്തെ, ബാലന്റെ ഭാര്യ പികെ ജമീല ഇവിടെ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളുണ്ടായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പുതുക്കാട് മണ്ഡലത്തിൽ സി രവീന്ദ്രനാഥിന് പകരം കെകെ രാമചന്ദ്രനാണ് മത്സരിക്കുന്നത്. ഇപി ജയരാജൻ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് മത്സരിക്കുന്നത്. 2016ൽ ശൈലജ മത്സരിച്ച കൂത്തുപറമ്പ് ഇത്തവണ എൽജെഡിക്ക് വിട്ടു കൊടുത്തിട്ടുണ്ട്. മുൻ കൃഷി മന്ത്രി കെപി മോഹനനാണ് ഇവിടെ മത്സരിക്കുന്നത്. ജെയിംസ് മാത്യു മത്സരിച്ചിരുന്ന തളിപ്പറമ്പിൽ മുതിർന്ന നേതാവ് എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയാകുന്നത്. സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖമായി അറിയപ്പെടുന്ന നേതാവാണ് ഗോവിന്ദൻ മാസ്റ്റർ. 96ൽ തളിപ്പറമ്പ് എംഎൽഎ ആയിരുന്നു ഇദ്ദേഹം. കല്യാശേരിയിൽ ടിവി രാജേഷിന് പകരം എം വിജിനാണ് മത്സരരംഗത്തിറങ്ങുന്നത്. എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു വിജിൻ.
പ്രതിഷേധങ്ങൾക്ക് ചെവി കൊടുത്തില്ല
സ്ഥാനാർത്ഥികൾക്കെതിരെ പൊന്നാനിയിലും കോങ്ങാട്ടും ഉയർന്ന വൻ പ്രതിഷേധങ്ങൾ സംസ്ഥാന നേതൃത്വം ചെവി കൊടുത്തില്ല. സ്പീക്കർ പി ശ്രീരാമകൃഷ്ണന് പകരം പി നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകും. പൊന്നാനി ഏരിയാ സെക്രട്ടറി ടിഎം സിദ്ദീഖിന് വേണ്ടി നൂറു കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധമുയർന്ന കോങ്ങാട്ട് അഡ്വ. കെ ശാന്തകുമാരി തന്നെയാണ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ ഒവി സ്വാമിനാഥനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ചില ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നത്. ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയാണ് കെ ശാന്തകുമാരി. കുറ്റ്യാടി സീറ്റ് ഏറ്റെടുക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യവും സംസ്ഥാന നേതൃത്വം കേട്ടില്ല. കുറ്റ്യാടി കേരള കോൺഗ്രസിന് വിട്ടു നൽകി. കുറ്റ്യാടിയിൽ വിമതനെ നിർത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമാണ്.