India Kerala

സ്വര്‍ണകടത്ത് കേസ്: തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വര്‍ണക്കടത്ത് കേസ് പ്രതി‍പക്ഷം ആയുധമാക്കുമെന്ന ആശങ്കയില്‍ സിപിഎം. സ്വര്‍ണക്കടത്തിനെ സോളാര്‍ കേസുമായി ബന്ധിക്കുക വഴി സര്‍ക്കാരിനേയും ഇടത് മുന്നണിയേയും പ്രതിരോധത്തിലാക്കാനുള്ള നീക്കം പ്രതിപക്ഷം നടത്തുവെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.

ഐടി സെക്രട്ടറിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളില്‍ ഉയര്‍ന്ന് വരുന്നതില്‍ ഇടത് മുന്നണിയില്‍ നേരത്തെ തന്നെ അതൃപ്തി ഉണ്ടായിരുന്നു. കോവി‍ഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേടിയെടുത്ത മേല്‍ക്കൈ ഇല്ലാതാക്കുന്ന തരത്തിലാണ് നിലവിലെ വിവാദങ്ങളെന്ന കണക്ക് കൂട്ടല്‍ സിപിഎമ്മിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഎം നേതൃത്വത്തിന് കടുത്ത ആശങ്കയാണുള്ളത്.

അനുകൂല രാഷട്രീയ സാഹചര്യത്തിനിടെ ഉയര്‍ന്ന വിവാദത്തില്‍ നിന്ന് വേഗത്തില്‍ തലയൂരണമെന്ന കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ വേഗത്തില്‍ എടുത്തത്. കേന്ദ്രം പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുക വഴി പൊതുജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ കഴിഞ്ഞെന്ന പ്രതീക്ഷയും സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്.

സ്വര്‍ണക്കടത്തിനെ സോളാര്‍ കേസുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം സര്‍ക്കാരിനെ അഴിമതി ആരോപണത്തില്‍ കുടുക്കാനുള്ള നീക്കം നടത്തുവെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി. പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വവും മുന്നിട്ടിറങ്ങും.