Kerala

രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐയ്ക്ക് നാല് മന്ത്രിമാര്‍; ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐക്ക് നാല് മന്ത്രിമാര്‍ തന്നെ. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. വകുപ്പുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ച തുടരും. ഒറ്റ അംഗങ്ങളുള്ള കക്ഷികളുമായി ഞായറാഴ്ച വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താനും ധാരണയായി.

സിപിഐഎമ്മിന് 12ഉം സിപിഐക്ക് നാലും കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍സിപിക്കും ജനതാദള്‍ എസിനും ഓരോന്നു വീതവും മന്ത്രിമാരാണ് ഉറപ്പായത്. 21 അംഗമന്ത്രിസഭയിലെ മറ്റു രണ്ടംഗങ്ങള്‍ ആരെന്നതിലാണ് ചര്‍ച്ചകള്‍. ഞായറാഴ്ച കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളായിരിക്കും നിര്‍ണായകം.

കെ ബി ഗണേഷ് കുമാറിനും രണ്ടാമത്തെ മന്ത്രി സ്ഥാനത്തിന് ആന്റണി രാജുവിനുമാണ് സാധ്യത. സമ്മര്‍ദം ശക്തമാക്കുന്നതിനാല്‍ ഐഎന്‍എല്ലിന് ചീഫ് വിപ്പുപദവി വിട്ടുകൊടുക്കുന്നതും ആലോചനകളിലുണ്ട്. ചീഫ് വിപ്പുവേണമെന്ന ആവശ്യത്തിലാണ് കേരളാ കോണ്‍ഗ്രസ് എമ്മും നില്‍കുന്നത്.

തിങ്കളാഴ്ച എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഐഎം-സിപിഐ നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തും. ഇരുപാര്‍ട്ടികളും വിട്ടുനല്‍കേണ്ട വകുപ്പുകളെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച.

കെ കെ ശൈലജയ്ക്ക് പുറമെ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, എം ബി രാജേഷ് തുടങ്ങിയവരാണ് സിപിഐഎം സാധ്യതാപ്പട്ടികയില്‍ ഉള്ളത്. വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നു. എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ചൊവ്വാഴ്ച മന്ത്രിമാരെ തീരുമാനിച്ചാല്‍ വ്യാഴാഴ്ച വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. 800 പേരെ ഉള്‍ക്കൊളളാന്‍ കഴിയുംവിധം വലിയ പന്തലാണ് ഒരുങ്ങുന്നത്.