Kerala

കയര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം മന്ത്രി പി.രാജീവ്; കടുത്ത വിമര്‍ശനവുമായി സിപിഐ

കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ മന്ത്രി പി രാജീവിനെതിരെ വിമര്‍ശനവുമായി സിപിഐ. കയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് വിയോജിപ്പാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് ട്വന്റിഫോറിനോട് പറഞ്ഞു. കയര്‍ വ്യവസായ മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം. മന്ത്രിയുടെ നിലപാടും നയങ്ങളും കയര്‍ മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എഐടിയുസി സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തി വരുമ്പോഴാണ് സിപിഐയുടെ മന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഐടിയിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ട് വരാന്‍ മന്ത്രി കാത്തിരിക്കുകയാണ്. എന്നാല്‍ ആധുനിക വ്യവസായത്തെപ്പോലെ മന്ത്രി പരമ്പരാഗത വ്യവസായത്തെ കാണരുതെന്ന് ടി ജെ ആഞ്ചലോസ് പറഞ്ഞു.

കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെയാണ് പി രാജീവിന് കയര്‍ വകുപ്പെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി പി വി സത്യനേശനും നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളും നിര്‍മാണ,പിരി മേഖലകളും സ്തംഭനത്തിലായതിന് പി രാജീവിന് വലിയ പങ്കുണ്ടെന്നാണ് ആണെന്നാണ് സിപിഐ വിമര്‍ശനം. സര്‍ക്കാര്‍ എക്കാലവും കയറും കയറുത്പ്പന്നങ്ങളും ഏറ്റെടുത്തതാണ്. എന്നാലിപ്പോള്‍ മന്ത്രി പറയുന്നത് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ്. കയര്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭമല്ലാതെ മറ്റ് വഴിയില്ലെന്നും സിപിഐ നിലപാടെടുക്കുന്നു.