വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.
ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്ക് പുറകിലേറ്റ വെടിയുണ്ട തലയോട്ടി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികിൽ നിന്ന് നാടൻ തോക്കും തിരകളും ബോംബ് നിർമാണത്തിനുപയോഗിക്കുന്ന വെടിമരുന്നും കിട്ടിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രാവിലെ 9 മണിക്ക് ശേഷം തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ 3 മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്.
ഏകപക്ഷീയമായ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന് സഹോദരൻ സി.പി റഷീദ് പറഞ്ഞു. കൊലപ്പെടുത്തകയെന്ന ഉദ്ദേശത്തോടെ പ്രകോപനമില്ലാതെ തന്നെ പൊലീസ് വെടിയുതിർക്കുകയായിരുന്നു എന്നാണ് സി.പി റഷീദിന്റെ ആരോപണം. തലക്ക് വെടിയേറ്റത് ഇതിന്റെ തെളിവാണ്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.