Kerala

കോവിഡ് വാക്സിന്‍; കേന്ദ്രം കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കിയെന്ന് ധനമന്ത്രി

കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി. കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ നയം പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിന്‍ വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിനെ ചെറുക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളം നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ശക്തിയും സാധ്യതയും ഉപയോഗിച്ചുകൊണ്ട് മൂന്നാം തരംഗത്തിന്‍റെ വരവ് ഒഴിവാക്കണം. എല്ലാ സി.എച്ച്.സി, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും പകര്‍ച്ച വ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 636.5 കോടി രൂപ ഇതിനാവശ്യമായി വരും. ഇതിനായി എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.