Kerala

രണ്ടര കോടി പിന്നിട്ട് കൊവിഡ് വാക്‌സിനേഷന്‍; 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടര കോടി കവിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് കേരളത്തിനായി 5,79,390 ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി ലഭിച്ചു. 4,80,000 ഡോസ് കൊവിഷീല്‍ഡും 99,390 ഡോസ് കൊവാക്‌സിനുമാണ് ലഭിച്ചത്.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2.71 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം 163000, എറണാകുളം,1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ കൊവിഷല്‍ഡ് വാക്‌സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39,130 എന്നിങ്ങനെ കൊവാക്‌സിനുമാണ് സംസ്ഥാനത്തിന് ഇന്ന് ലഭിച്ചത്.

ഇതുവരെ സംസ്ഥാനത്ത് 2,55,20,478 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസും 68,38,015 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ആകെ ജനസംഖ്യയുടെ 52..69 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് ലഭിച്ചത്.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 2,71,578 പേര്‍ക്ക് ഇന്ന് കൊവിഡ് വാക്‌സിന്‍ നല്‍കി. 1108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.