Kerala

ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

അണ്‍ലോക്ക് നാലിന്‍റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി മുതല്‍ ഹാജരാകണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കി

21ാം തീയതി മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെയാണ് കോവിഡ് പ്രോട്ടോക്കോളിൽ അയവ് വരുത്താന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസമാണ് നിലവില്‍ ക്വാറന്‍റൈൻ. എന്നാൽ ഇനി മുതല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്‍റൈനില്‍ തുടരേണ്ടതില്ല.

അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കുന്നതാണ് നല്ലതെന്നും ഉത്തരവിലുണ്ട്. പക്ഷെ നിര്‍ബന്ധമില്ല. സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സർക്കാർ ഓഫീസുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും മുഴുവൻ ജീവനക്കാരും ഇനി മുതല്‍ ജോലിക്ക് ഹാജരാകണം. പക്ഷേ കോവിഡ് പ്രോട്ടോക്കള്‍ കൃത്യമായി പാലിക്കണം. സംസ്ഥാനത്തെ ഹോട്ടലുകളിളും റെസ്റ്റോറൻറുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍‌ തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.