കോവിഡ് വ്യാപനം ശക്തമായതോടെ പത്തനംതിട്ട ജില്ലയിലെ ആശുപത്രികളിൽ ഐസിയു-ഓക്‌സിജൻ കിടക്കകളിൽ രോഗികൾ നിറയുന്നു. വിവിധ ആശുപത്രികളിലായി പത്ത് ശതമാനം കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം കൂടുതൽ ഫസ്റ്റ്‌ലൈൻ-സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെയാണ് താരതമ്യേനെ രോഗികളുടെ എണ്ണത്തിൽ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയിലും ആശങ്കകളേറുന്നത്. ജില്ലയിലെ കോവിഡ് ആശുപത്രികകൾക്കു പുറമെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതും കിടത്തി ചികിത്സാ സൗകര്യങ്ങൾ കുറയുന്നതുമാണ് ആശങ്കയ്ക്ക് കാരണം. കോവിഡ് ആശുപത്രികളായ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമായി 238 ഓക്്‌സിജൻ കിടക്കകളുണ്ടെങ്കിലും 27 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
രണ്ട് ആശുപത്രികളിലുമായി 96 ഐസിയു കിടക്കകളിൽ 45 എണ്ണമാണ് ബാക്കിയുള്ളത്. ഐസിയു കിടക്കകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം സർക്കാർ മേഖലയിൽ 71 വെന്റിലേറ്റർ കിടക്കകളുള്ളതിൽ 46 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ശരാശരി ആയിരത്തിലേറെ കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ കുറ്റമറ്റ പ്രവര്ത്തനങ്ങളാണ് ജില്ലയെ പിടിച്ചുനിർത്തുന്നത്. എന്നാൽ, ക്രമാതീതമായി രോഗികളുടെ എണ്ണം ഉയർന്നാൽ നിലവിലെ പരിമിത സൗകര്യങ്ങളിൽ വലിയ വെല്ലുവിളിയാവും വകുപ്പിന് നേരിടേണ്ടി വരിക. രോഗവ്യാപനം തീവ്രമായതിനു പിന്നാലെ ഫസ്റ്റ്‌ലൈൻ, സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തമാക്കിയതായും സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി ഉറപ്പുവരുത്തിയതിനാൽ നിലവിൽ പ്രതിസന്ധികളില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കോന്നി മെഡിക്കൽ കോളേജിനെയടക്കം ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതോടെ നിലവിലെ പ്രതിസന്ധികൾ അതിജീവിക്കാനാകുമെന്നും ആരോഗ്യ വകുപ്പിന് പ്രതീക്ഷയുണ്ട്.