Kerala

കൊവിഡ് 19; വരുന്ന രണ്ടാഴ്ചകൾ നിർണാകമെന്ന് മുഖ്യമന്ത്രി

ഓണാവധിക്കാലത്ത് ആളുകൾ തമ്മിലുള്ള സമ്പർക്കം കൂടുതലായിരുന്നതിനാൽ വരുന്ന രണ്ടാഴ്ചകൾ നിർണാകമെന്ന് മുഖ്യമന്ത്രി. ആളുകൾ ജാഗ്രത പുലർത്തണം. ഒക്ടോബർ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന ചില പഠനങ്ങൾ പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിൻ എത്തുന്നതുവരെ സോഷ്യൽ വാക്സിൻ എന്ന രീതിയിൽ ജാഗ്രത തുടരണമെന്നും ‘ബ്രേക്ക് ദി ചെയിൻ’ നാം ഫലവത്തായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നിലവിലെ സ്ഥിതി ആശ്വാസത്തിന് വകനൽകുന്നതല്ല. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എട്ടിനുമുകളിലാണ്. ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ എണ്ണം അഞ്ചിൽത്താഴെ നിലനിർത്തേണ്ടതാണ്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഈ സമയങ്ങളിൽ കേരളത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 10,000-നും 20,000-നും ഇടയിൽ ആകുമെന്നായിരുന്നു. എന്നാൽ അതിനെ പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.