Kerala

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം.

സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26ന് നടന്നത് 38,929 ടെസ്റ്റുകള്‍ മാത്രം.

ഡിസംബര്‍ 27, 31, ജനുവരി 2, 3, 9, 10 ദിവസങ്ങളില്‍ നടന്നത് 50,000ത്തില്‍ താഴെ മാത്രം ടെസ്റ്റുകള്‍. ജനുവരി 4 മുതലാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് നടത്തിയത് 71,1120 പരിശോധനകള്‍. ജനുവരി 5ന് 710,98 സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. ജനുവരി 6ന് നടത്തിയത് 68,325 പരിശോധനകളാണ്.

ജനുവരി 9 വരെ എത്തിയപ്പോള്‍ ഇത് 50,000താഴെയെത്തി താഴെയത്തി. അപ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 6,238 ആയി ഉയര്‍ന്നിരുന്നു. ടിപിആര്‍ 11.52 ആയും ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടിപിആറില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായത് കഴിഞ്ഞ ദിവസമാണ്. 12. 68 ആയിരുന്നു ടിപിആര്‍. പക്ഷേ 24 മണിക്കൂറിനുളളില്‍ നടത്തിയത് നാല്‍പതിനായിരത്തോളം പരിശോധനകള്‍ മാത്രം.