Kerala

ജീവനക്കാർക്കിടയിൽ കൊവിഡ് അതിരൂക്ഷം; കെഎസ്ആർടിസിയിലും പ്രതിസന്ധി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയിൽ 15 പേർക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടർന്ന് ജീവനക്കാരില്ലാത്തതിനാൽ സംസ്ഥാനത്ത് ആകെ 399 ബസുകൾ ജീവനക്കാരില്ലാതെ സർവീസ് നിർത്തേണ്ട സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോൾ സെക്രട്ടേറിയേറ്റിന്റെയും കെ എസ് ആർടിസിയുടേയും പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാർക്ക് വലിയ തോതിൽ രോഗം ബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം അഞ്ചോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും കൊവിഡ് രോഗബാധ വ്യാപകമാണ്.

ഇതിനിടെ, പൊതുവിദ്യാഭ്യാസ മന്ത്രി മന്ത്രി ശിവൻ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മന്ത്രിക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.