Kerala

കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണിലെ സ്ഥിതി നോക്കി 144 പ്രഖ്യാപിക്കാനും അനുവാദം നല്‍കി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഇനിയും പിടിമുറിക്കിയില്ലെങ്കില്‍ കോവിഡിന്‍റെ രൂക്ഷത കൂടുമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി അനുവദിക്കാനാകാത്ത സാഹചര്യമാണ് കേരളത്തില്‍. സ്കൂളുകളും തിയറ്ററുകളും തുറന്നതും പൊതു ഗതാഗതം പഴയപടി ആയതും കോവിഡ് കേസുകള്‍ വര്‍ധിപ്പിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെങ്കിലും നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യമാണ് ആരോഗ്യവകുപ്പിനുള്ളത്.

ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍, പൊതുവാഹനങ്ങളില്‍ 50 ശതമാനം സീറ്റില്‍ യാത്ര, ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രം ഇരുന്ന് ഭക്ഷണം എന്നീ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. 14 ജില്ലയിലും കലക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചു. കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ചിലയിടത്തെങ്കിലും അടച്ചിടല്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്.