Kerala

കോവിഡ് രണ്ടാം തരംഗം: രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ മരിച്ചത് 500ലധികം പേര്‍

കേരളത്തിന് ആശങ്കയുയർത്തി കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയരുന്നു. 507 പേരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. നാല് ലക്ഷം കൊവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്.

ആദ്യ തരംഗത്തിൽ മരണസംഖ്യ ആയിരമാകാൻ ആറ് മാസമെടുത്തെങ്കിൽ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 14 ദിവസം കൊണ്ട് പൊലിഞ്ഞത് 507 ജീവനാണ്. ഇന്നലെ മാത്രം 57 മരണം. ആകെ മരണത്തിൽ 4151 പേർ 60 വയസിന് മുകളിലുള്ളവരാണ്. 41 നും 59 നും ഇടയിലുള്ള 1148 പേരും മരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷമായി. മിക്ക ജില്ലകളിലും ഐ സി യു കളും വെന്‍റിലേറ്ററുകളും നിറഞ്ഞു.

1975 പേരാണ് ഇപ്പോൾ ഐസിയുവിൽ ഉള്ളത്. അതേ സമയം കൂടുതൽ വാക്സിൻ എത്തിയതോടെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷൻ ക്യാമ്പ് താത്കാലികമായി നിർത്തി. പകരം കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ വാക്സിനേഷൻ കേന്ദ്രമാക്കാനാണ് തീരുമാനം. രണ്ടാം ഡോസ് വാക്സിനേഷനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എന്നാൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല