Kerala

കൊവിഡ് രണ്ടാം തരംഗം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സര്‍ക്കാര്‍

കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 5650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജാണ് ചട്ടം 300 അനുസരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാപാരികളുടെ രണ്ടായിരം കോടി രൂപയുടെ വായ്പകള്‍ക്ക് പലിശയിളവ്, കെട്ടിടനികുതി, വാടക ഒഴിവാക്കല്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. ഇവരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനം വരെ ആറുമാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയിളവ്. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെ.എഫ്.സി ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു.

ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും സര്‍ക്കാര്‍ വാടകയും നല്‍കേണ്ടതില്ല. എല്ലാ കെഎസ്എഫ്ഇ വായ്പകളുടേയും പിഴ പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കി.

ചിട്ടി കുടിശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്തംബര്‍ 30 വരെയുള്ള അമ്പതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി. കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഒരു കോടി രൂപ വരെ കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേരള വായ്പ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി.

വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് പ്രത്യേക വായ്പാപദ്ധതി നടപ്പാക്കും. ഇതിനായി 500 കോടി രൂപ മാറ്റിവെച്ചു. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്ക് പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പ നല്‍കും. ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യ പരിപാലനം ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കുള്ള പലിശയില്‍ കെ.എഫ്.സി ഇളവ് വരുത്തിയതായും ധനമന്ത്രി അറിയിച്ചു.