സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് 3500 ആയി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയുണ്ടായി. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊള്ളുന്നത് തടയാനാണ് നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നത്.
നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹിയും പഞ്ചാബും
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ബംഗളൂരു നഗര പരിധിയിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വരുന്ന നാലാഴ്ച അതി നിർണായകമാണെന്നും രോഗവ്യാപന നിരക്ക് ഒന്നാം ഘട്ടത്തിനേക്കാൾ ഗുരുതരമാണെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയാണ്. നവംബർ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ഇന്ന് രേഖപ്പെടുത്തി. 630 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ക്ലസ്റ്ററുകൾ വർധിക്കുന്നതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ഛത്തീസ്ഗഢ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി പതിനാറിലധികം സംസ്ഥാനങ്ങളാണ് പ്രതിദിന കണക്കിൽ ഡിസംബറിന് ശേഷം വലിയ വർധന രേഖപ്പെടുത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലെ ജാഗ്രത കുറവാണ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു.
വാക്സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും മഹാരാഷ്ട്രയിൽ പലയിടത്തും മതിയായ ഡോസ് ഇല്ലെന്ന് റിപ്പോർട്ടുകളുണ്ട്. മുൻഗണനാക്രമം അനുസരിച്ച് മാത്രമേ ജൂലൈ വരെ വാക്സിൻ നൽകാനാകൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ മാസത്തോടെ കോവിഷീൽഡ് ഉത്പാദനം വർധിപ്പിക്കണമെങ്കിൽ 3000 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് സെറം ഇൻസ്റ്റിട്യൂട്ടിന്‍റെ കണക്ക്.