Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്ര സംഘം കേരളത്തിലേക്ക്

കോവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റന്നാൾ കേരളത്തിൽ എത്തുക. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനങ്ങൾക്കും നടപടികൾ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് നിലവിലെ നിഗമനം.

സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം സംഘം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചുട്ടുണ്ടോയെന്നും സംഘം പരിശോധിക്കും. ഒപ്പം, കേന്ദ്രത്തിന്റെ എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ അത് എത്തിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

അതേസമയം, സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും കൂടുകയാണ്. 10.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ജില്ലകളിലാണ് ഇന്ന് അഞ്ഞൂറിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളത്ത് ആയിരത്തിനു മുകളിൽ പേർക്ക് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി.