സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. മലപ്പുറത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 22.7 ശതമാനം ആയി. കൊല്ലത്ത് 16 ദിവസത്തിനിടെ കേസുകൾ ഇരട്ടി ആകുന്നുവെന്നു ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തിൽ ആശങ്കയായി ജില്ലകളിലെ രോഗവ്യാപന തോത് വർധിക്കുകയാണ്. മലപ്പുറത്ത് കഴിഞ്ഞ ആഴ്ചയിൽ ഇത് 22.7 ശതമാനം ആയി കുതിച്ചുയർന്നു. 16.2ൽ നിന്നാണ് ഈ വർധന. കാസർകോട് 18.4 ഉം തിരുവനന്തപുരത്ത് 18.3 മാണ്. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 5 ന് താഴെ നിർത്താൻ ആണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും രോഗവ്യാപനതോത് ഉയർന്നു. കേസുകൾ ഇരട്ടിക്കാൻ എടുക്കുന്ന ഇടവേളയും കുറഞ്ഞു.
കൊല്ലത്ത് 16 ദിവസം കൊണ്ടാണ് കേസുകൾ ഇരട്ടി ആകുന്നത്. ദശലക്ഷം പേരിലെ കോവിഡ് ബാധയിൽ തിരുവനന്തപുരമാണ് മുന്നിൽ. 1378 ൽ നിന്ന് 1691 ആയി ഉയർന്നിട്ടുണ്ട്. ആലപ്പുഴയിൽ പത്തു ലക്ഷം പേരിൽ 1236 രോഗികളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 34,552 രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായത്. സമ്പർക്ക രോഗ വ്യാപനം തടയാൻ രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്നാണ് പ്രതിവാര റിപ്പോർട്ടിലെ നിർദ്ദേശം.