Kerala

കോവിഡ് രോഗികളും ക്വാറന്‍റൈനിലുള്ളവരും വോട്ട് ചെയ്തു

കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ പോളിങ് അവസാനിച്ചത്. പിപിഇ കിറ്റിട്ട് എത്തിയവര്‍ക്കെല്ലാം മറ്റ് വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ അവസരമൊരുക്കിയത്.

മഹാമാരി കാലത്തെ ഈ തെരഞ്ഞെടുപ്പാകെ പ്രത്യേകയുള്ളതായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നത് മുതല്‍ പ്രചാരണത്തിലുമെല്ലാം നിയന്ത്രണങ്ങള്‍. എല്ലാം മാസ്കിട്ട് ഗ്യാപിട്ട് തന്നെയായിരുന്നു. പോളിങ് ദിനത്തിലും തുടര്‍ന്നു. അവസാനം കോവിഡ് രോഗികള്‍ വോട്ട് ചെയ്യുന്നത് വരെ. പിപിഇ കിറ്റിട്ട് കാറിലും ബൈക്കിലുമൊക്കെയായി അവര്‍ എത്തി. മറ്റെല്ലാവരും വോട്ട് ചെയ്ത് പോകുന്നത് വരെ കാത്ത് നിന്നു.

ഈ സ്പെഷ്യല്‍ വോട്ടര്‍മാരെത്തിയതോടെ പോളിങ് ഓഫീസര്‍മാരും അല്‍പം സ്പെഷ്യലായി. അതുവരെ മാസ്കും ഗ്ലൌസും മാത്രം ധരിച്ചിരുന്ന പോളിങ് ഓഫീസര്‍മാരും പെട്ടെന്ന് പിപിഇ കിറ്റിനുള്ളിലായി. മറ്റ് വോട്ടര്‍മാര്‍ മടങ്ങിയതോടെ കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവരെയും വോട്ട് ചെയ്യിച്ചു. തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് കോവിഡ് രോഗിയും കുന്നുകുഴി വാര്‍ഡിലും ചെമ്പഴന്തി വാര്‍ഡിലും ക്വാറന്‍റൈന്‍ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയില്‍ എട്ട് പേരും കൊല്ലത്ത് രണ്ട് പേരും ആലപ്പുഴയിൽ ഏഴ് പേരും പിപിഇ കിറ്റിന്‍റെ സുരക്ഷിതത്വത്തില്‍ വോട്ട് ചെയ്തു.