ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത്
കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ മാത്രം ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 102 ആയി. ചൊവ്വാഴ്ച 20 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. ചെങ്കള 8, മധൂർ 3, കാസർകോട്, ചെമ്മനാട്, മഞ്ചേശ്വരം, മീഞ്ച എന്നിവിടങ്ങളില്‍ 2 വീതം, മൊഗ്രാൽ പുത്തൂർ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 9 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 694 ആയി.
ഇപ്പോള്‍ 246 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ ചെങ്കള പഞ്ചായത്തില്‍ മാത്രം 34 കേസുകളും കാസര്‍കോട് നഗരസഭയില്‍ 21 കേസുകളുമാണ് ചികിത്സയിലുള്ളത്. ജില്ലയിലെ 3 നഗരസഭകളിലെയും 26 ഗ്രാമപഞ്ചായത്തുകളിലെയും 83 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പര്‍ക്ക കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലെ കടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 വരെ ജില്ലയില്‍ മത്സ്യ ബന്ധനവും വിപണനവും നിരോധിച്ചു. ജീവനക്കാര്‍ കയ്യുറയും മാസ്ക്കും ധരിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്ത് ഒരാഴ്ച അടച്ചുപൂട്ടാനും നിര്‍ദ്ദേശമുണ്ട്.