Kerala

പൊലീസിന് കീഴടങ്ങാതെ കോവിഡ്; രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കൂടി

കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ കാലാവധി രണ്ടാഴ്ച. കണക്ക് പരിശോധിച്ചാൽ രോഗവ്യാപനം കുറഞ്ഞില്ലെന്ന് മാത്രമല്ല, കുത്തനെ കൂടുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ പൊലീസുകാർ വർധിക്കുകയും ചെയ്തു. രണ്ടാഴ്ചയിലെ കണക്കിൽ മൊത്തം 4,400 രോഗികളാണ് കൂടിയത്.

പ്രതിരോധ നടപടികൾ പൊലീസിനെ ഏൽപിച്ച് ചീഫ് സെക്രട്ടറി സർക്കാർ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഗതി പാളുകയാണ്. പൊലീസിന് പണി കൈമാറുമ്പോൾ രോഗികൾ 11484 ആയിരുന്നു. ഇപ്പോള്‍ അത് 15890 ആണ്. അതായത് ചികിത്സയില്‍ 4406 രോഗികള്‍ വര്‍ധിച്ചു. മൂന്നാം തീയതി മുതൽ രണ്ടാഴ്ച കൊണ്ട് 19265 പേര്‍ക്ക് രോഗം പിടിപെട്ടു.

രോഗവ്യാപനത്തിന്‍റെ ജില്ലകളുടെ കണക്ക് നോക്കിയാലും ഞെട്ടും. തലസ്ഥാനത്ത് നിന്ന് വൈറസ് സംസ്ഥാനത്തിന്‍റെ വടക്കൻ ഭാഗത്തേക്ക് കുതിച്ചു. മലപ്പുറം ജില്ലയെ കാര്യമായി പേടിപ്പിച്ച വൈറസ് എറണാകുളത്തെയും തൃശൂരിനെയും ആശങ്കയിലാക്കി. വൈറസ് വലഞ്ഞു പിടിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും കൂടി 506 ല്‍ നിന്ന് 571 ആയി ഉയര്‍ന്നു.

പ്രതിരോധിക്കാൻ ഇറങ്ങിയ പൊലീസുകാരെ വൈറസ് വിലങ്ങ് വച്ചു. രണ്ടാഴ്ച കൊണ്ട് 114 പേര്‍ രോഗികളായി. ആറ് മാസം കൊണ്ട് 134 പൊലീസുകാർ മാത്രമായിരുന്നു കോവിഡ്. രോഗവ്യാപനം കുതിക്കുമ്പോഴും കിതക്കില്ലെന്നാണ് പൊലീസ് പക്ഷം. പിടിച്ചുകെട്ടാനുറച്ച് പ്രതിരോധ നടപടികൾ കടുപ്പിക്കാനാണ് ആദ്യന്തര വകുപ്പിന്‍റെ തീരുമാനം.