ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. 24 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ സേവനങ്ങള്‍ ജനപ്രതിനിധികള്‍ക്കായി പരിമിതപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെയായി 12800ഓളം പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു.
കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 36 ആണ്. 7പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 26 പേര്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 11എണ്ണത്തിന്റെ സാമ്പിൾ ഫലം ലഭിക്കാനുണ്ട്.
കോട്ടയത്ത് ഇന്നലെ മാത്രമായി 122 പേരെ ഹോം കോറന്റൈനിലേക്ക് മാറ്റി. നിലവില്‍ 10 പേരാണ് ആശുപത്രികളില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്ക സാധ്യത പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല.
പാലക്കാട് ജില്ലയിൽ 204പേർ നിരീക്ഷണത്തിൽ കഴിയുന്നു. 182 പേർ വീടുകളിലും, 22പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. വയനാട്ടിൽ 71 പേരെകൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 4 പേർക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് 192പേരെ പുതുതായി നിരീക്ഷണത്തിലാക്കിയ 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സംസ്ഥാത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ അതിഥി മന്ദിരങ്ങളിലെ താമസ സൗകര്യം ഗവർണർ, മന്ത്രിമാർ, എം.എൽ.എമാർ, എം.പി.മാർ, സംസ്ഥാന സർക്കാരിന്റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തി.
കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുളള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുളള റൂം റിസർവേഷനിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസം 20 തീയതി തിരുവനന്തപുരത്ത് വച്ചു നടത്താനിരുന്ന ദക്ഷിണേന്ത്യൻ ക്രൈം ബ്രാഞ്ച് മേധാവിമാരുടെയും മറ്റു കുറ്റാന്വേഷണ ഏജൻസികളുടെ മേധാവിമാരുടെയും യോഗവും മാറ്റിവെച്ചു.