സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കൊവിഡ് മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കും. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ;
ഇന്ത്യയിൽ നിന്നും യു.എ.ഇ-യിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കൊവിഡ് 19 മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ഇതിൽ സത്വര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.