Kerala

ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മുഖ്യമന്ത്രി

ക്യാമ്പിൽ കൊവിഡ് പടർന്ന് പിടിക്കാതിരിക്കാൻ ജനങ്ങളും ക്യാമ്പ് അധികൃതരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പിലുളളവർക്ക് അസുഖം വന്നാൽ സിഎഫ്എൽടിസികളിലേക്കോ ആശുപത്രികളിലേക്കോ മാറ്റി ചികിത്സ ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ( covid guidelines in flood relief camp )

പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തണം. ക്യാമ്പിലെ ഒരു വ്യക്തി കൊവിഡ് പോസിറ്റീവ് ആയാൽ, ആ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ, കുടുംബാംഗങ്ങൾ പ്രത്യേകം ക്വാറന്റീനിൽ കഴിയണം. ക്യാമ്പിലുള്ളവരെല്ലാം മാസ്‌ക് ധരിക്കണം. അകലത്തിലിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. അസുഖബാധിതർക്ക് മരുന്ന് എത്തിച്ച നൽകും. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്. ശാരീരക മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ക്യാമ്പ് അധികൃതരെ അറിയിക്കണം. കനിവ് 108 ആംബിലൻസ് സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാൽ പകർച്ചവ്യാധി സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ അല്ലെങ്കിൽ ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ കുടിക്കാവൂ. മലിന ജലവുമായി സമ്പർക്കമുള്ളവർ ഡോക്‌സിസൈക്ലിൻ ഗുണിക കഴിക്കണം. കുടിവെള്ളമെത്തിക്കാനുള്ള ചുമതല ജലവിഭവ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ പതിനൊന്ന് മുതൽ സംസ്ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന മഴക്കെടുതിയിലാണ് എത്തിച്ചത്. ഒക്ടോബർ പന്ത്രണ്ട് മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.