Kerala

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്

കോട്ടയം ജില്ലയില്‍ ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ മാത്രം 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉഴവൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേർക്കും വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്.

കോട്ടയം ജില്ലയിലെ ഇതുവരെ റിപ്പോർട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 203 കേസുകളില്‍ 197 ഉം സമ്പ‍ർക്കം. ഉഴവൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 26 പേർ അന്തേവാസികളും 12 പേർ ജീനക്കാരുമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച വടവാതൂരിലെ എംആർഎഫ് ടയർ കമ്പനിയിലും ആശങ്ക ഉയരുകയാണ്. ഇന്നലെ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ നൂറോളം പേർക്ക് രോഗം പിടിപ്പെട്ടതായാണ് വിവരം. കോട്ടയം ചങ്ങനാശേരി ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലും

കാഞ്ഞിരപ്പള്ളി വിജയപുരം ചെമ്പ്, പനച്ചിക്കാട് കുമരകം, അതിരമ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലുമാണ് ആശങ്ക ഉയരുന്നത്. നിലവില്‍ 862 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 51 പേര്‍ രോഗമുക്തരായി. ഇതുവരെ 2467 പേര്‍ക്ക് രോഗം ബാധിച്ചു. 1602 പേര്‍ രോഗമുക്തരായി. ആകെ 9667 പേര്‍ ജില്ലയില്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.