Kerala

കൊല്ലത്ത് കുട്ടികളില്‍ കൊവിഡ് ബാധ കൂടുന്നു

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. കുട്ടികളിലെ രോഗവ്യാപനതോത് 20 ശതമാനത്തിന് മുകളിലെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതും ബിവറേജുകള്‍ തുറന്നതും രോഗനിയന്ത്രണത്തിന് തിരിച്ചടിയായതായും ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

മദ്യശാലകളിലും പൊതുസ്ഥലങ്ങളിലും ബസുകളിലും ആള്‍ക്കൂട്ടങ്ങള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാണ്. കുട്ടികള്‍ക്കും രോഗം ബാധിക്കുന്നതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. കുട്ടികള്‍ക്ക് 10 ശതമാനത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോള്‍ ഇരുപതിന് മുകളിലാണ്. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസുകളും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.