Kerala

കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.

ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ സ്‌കൂളിലെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്‌സിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ കൊവിഡ്, ഓമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മുടിയിൽ നാളെ (18.01.2022) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.സമാന നിയന്ത്രണം അഗസ്ത്യാര്‍കൂടം ട്രക്കിംഗിനും ഏർപ്പെടുത്തി. നാളെ മുതല്‍ അടുത്ത മാസം 26 വരെയാണ് നിയന്ത്രണം. 02.2022 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.