Kerala

കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്കരിക്കാനായില്ല; പ്രദേശത്ത് വീണ്ടും പ്രതിഷേധം

ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍. കെ ജി വര്‍ഗീസിന്‍റെ മൃതദേഹം സംസ്കരിക്കുന്നിടത്ത് വീണ്ടും പ്രതിഷേധം. സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടഞ്ഞത്. പി.പി.ഇ കിറ്റടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാരമെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ചടങ്ങ് തടസപ്പെടുത്താനെത്തിയവര്‍ സെമിത്തേരിയില്‍ സംസ്കാര ചടങ്ങ് നടത്തുന്നതില്‍ നിയമപ്രശ്നമുണ്ടെന്ന വാദം ഉന്നയച്ചു. തുടര്‍ന്ന് സംസ്കാരം ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭയും വൈദികന്‍റെ ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നുണ്ട്.

ശാന്തികവാടത്തിലോ ബന്ധുക്കള്‍ പറയുന്നിടത്തോ സംസ്കാര ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് നഗരസഭ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ ഇരുപത് മുതല്‍ ചികിത്സയിലായിരുന്ന വൈദികന്‍ ചൊവ്വാഴ്ചയാണ് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.

പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലേയും 19 ഡോക്ടർമാരെ ക്വാറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ഒപിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു. ജീവനക്കാരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.