Kerala

എറണാകുളം തോപ്പുംപടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; കോവിഡ് മരണം 27 ആയി

സംസ്ഥാനത്ത് കോവിഡ് ഭീതിയേറുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയിലും വര്‍ധനവ്. വിവിധ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തോപ്പുംപടി സ്വദേശി യുസുഫ് സെയ്ഫുദ്ദീന്‍ ആണ് ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ മാസം 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ 12 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 28ാം തീയതിയാണ് തോപ്പുംപ്പടി സ്വദേശിയായ യൂസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനാല്‍ 28ാം തീയതി മുതല്‍ തന്നെ ഇദ്ദേഹം ശ്വസനസഹായിയുടെ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

ഇന്നലെ സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗബാധയുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ ജോലി ചെയ്യുന്ന 40 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 59 വയസുള്ള എടത്തല സ്വദേശി, 30 വയസുള്ള പള്ളിപ്പുറം സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേര്‍ രോഗവിമുക്തരായി. നിലവില്‍ 195 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.