Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 17%ത്തിന്റെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്ന് രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. രോഗം വരുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണംവലിയ തോതില്‍ കുറഞ്ഞു. ആശുപത്രിവാസത്തിന്റെ തിരക്കും ഗുരുതരമായ രോഗാവസ്ഥയും കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കിലും വലിയ മാറ്റം വന്നു. ആദ്യഡോസ് വാക്‌സിനേഷന്‍ രണ്ട് കോടി 51 ലക്ഷം പിന്നിട്ടു. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.08ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കി. 46.5ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ആകെ 3,75,45497 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യഡോസ് എടുക്കാനുള്ളവര്‍ കാലതാമസം വരുത്തരുതെന്നും വാക്‌സിനേഷന്‍ ഇടവേള കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

‘കൊവിഷീല്‍ഡ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന് സൗകര്യം ചെയ്തുകൊടുക്കും. സെപ്തംബറില്‍ നടത്തിയ സീറോ പ്രിവെലന്‍സ് സര്‍വേ പ്രകാരം 92 ശതമാനം പേര്‍ക്ക് കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷിയുണ്ടായെന്ന് വ്യക്തമായിട്ടുണ്ട്.

അതിനുശേഷമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ കണക്കില്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധശേഷിയുണ്ടായി. കുട്ടികള്‍ക്കിടയില്‍ 40% പേരില്‍ ആന്റിബോഡി കണ്ടെത്തുകയും വീടുകളിലെ രോഗവ്യാപനം തടയുന്നത് ഗണ്യമായി വിജയിക്കുകയും ചെയ്തു’. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.