Kerala

കോഴിക്കോട് സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ്

ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു

കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുന്നു . ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിലവിലുള്ള കര്‍ശന നിയന്ത്രണം തുടരും.

വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേര്‍ക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്ക കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദിവസം ആയിരം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ആന്‍റിജന്‍ ടെസ്റ്റാണ് നടത്തുക.

വലിയങ്ങാടി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിലവിലുള്ള കര്‍ശന നിയന്ത്രണം തുടരും. തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകളുടെയും ദ്രുതകര്‍മ്മസേനകളുടെയും പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു.