Kerala

കോവിഡ്: അഞ്ചുദിവസങ്ങൾക്കകം സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷമാകും

അഞ്ച് ദിവസങ്ങൾക്കകം സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷമാകുമെന്ന് മുഖ്യമന്ത്രി. 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും കൂടുകയാണ്. 4,19,726 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഇത് അഞ്ച് ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ളത് 52 പഞ്ചായത്തുകളിലാണ്. അതിൽ തന്നെ 57 പഞ്ചായത്തുകളിൽ 500 മുതൽ 2000ത്തിനടുത്താണ് രോഗികൾ. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടുന്നു.

ഞായറാഴ്ച വെന്റിലേറ്ററിൽ ഉണ്ടായിരുന്നത് 1,249 രോഗികളാണെങ്കിൽ ഇന്നലെ അത് 1,340 ആയി. അതായത് ഒരു ദിവസം കൊണ്ട് പ്രവേശിപ്പിക്കപ്പെട്ടത് 91 പേർ. ഐസിയുവിൽ ഇന്നലെ പ്രവേശിപ്പിച്ചത് 120 പേരെയാണ്. കേസുകൾ കൂടുന്നതിന് അനുസരിച്ച് ഓക്‌സിജൻ സംവിധാനം ഉൾപ്പെടെ ആരോഗ്യ സംവിധാനങ്ങൾ വർധിപ്പിക്കേണ്ടിവരും. തിരുവനന്തപുരം ജില്ലയിൽ ഏഴ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആറ് ഡോമിസിലറി കെയർ യൂണിറ്റുകളും ഒരു സിഎഫ്എൽടിസിയുമാകും ആരംഭിക്കുക. അതേസമയം, മൂന്ന് ഓക്‌സിജൻ പ്ലാന്റുകൾക്ക് കേന്ദ്രാനുമതി ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കൂടുതൽ ഓക്‌സിജൻ ലഭിക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.