Kerala

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയോടെ നഗരം

ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കൊച്ചി നഗരം. ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.

ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരന്‍റെ സഹപ്രവര്‍ത്തകനും തൊട്ടടുത്ത സ്ഥാപനത്തിലെ തോപ്പുംപടി സ്വദേശിയായ മറ്റൊരു വ്യാപാരിക്കും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ആറായി. ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തോപ്പുംപടിയും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിരീക്ഷണത്തിൽ ആക്കിയിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്. മാര്‍ക്കറ്റ് റോഡ് അടച്ചെങ്കിലും പരിസരത്തെ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കപ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയേക്കും. അതേസമയം ചികിത്സയില്‍ ക‍ഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈത്തില്‍ നിന്നും വന്ന 51കാരനായ എറണാകുളം തുരുത്തി സ്വദേശിയാണ് കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ഐസിയുവിൽ ഗുരുതരമായി തുടരുന്നത്.